യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
- krithwe
- Aug 21, 2018
- 3 min read
ഇത് ഗോവയെ ഒരുപാട് തവണ അടുത്തറിഞ്ഞ ഒരാളുടെ യാത്രവിവരണമോ പഠനമോ അല്ല. ഒരു പങ്കുവക്കലാണ്. പറഞ്ഞു കേട്ടതും അറിഞ്ഞതിനുമപ്പുറം വേറിട്ടൊരു ‘ഗോവ’ന്‍ യാത്രയുടെ അനുഭവക്കുറിപ്പ്.
2018 ആഗസ്റ്റ് 9. അന്നാണ് യാത്ര ആരംഭിക്കുന്നത്. അന്ന് തന്നെയാണ് തോരാത്ത മഴയുടെ അനന്തരഫലമായി ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം തുറന്നതും. ഉച്ചക്ക് 2.55ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് ആയിരുന്നു ട്രെയിന്‍. ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിലെ ടീവിയില്‍ ഇടുക്കി ഡാം തുറന്ന് വിടുന്ന ദൃശ്യം നോക്കിയിരുന്നത് ഇപ്പോഴും മനസിലുണ്ട്.

നുരഞ്ഞുപൊങ്ങിയ പതയോടൊപ്പം പുറത്തേക്ക് വരുന്ന വെള്ളത്തിന്റെ ഒഴുക്ക് കണ്ട് കൗതുകവും തെല്ല് ഭയവും തോന്നിയെങ്കിലും അധികനേരം അത് കണ്ട് മനസ്സിനെ തളര്‍ത്താന്‍ തോന്നിയില്ല. കാരണം മുന്‍പില്‍ മനോഹരമായ ഒരു യാത്രയുണ്ട്.
യാത്ര ആരംഭിച്ചു. ഓഫീസിലെ സഹപ്രവര്‍ത്തകരോടൊപ്പമുള്ള യാത്ര ആയതിനാല്‍ അതിന്റെതായ ഒരു ആഘോഷം തിരതല്ലുന്നുണ്ടായിരുന്നു. യാത്രക്കിടയില്‍ ആലുവ ശിവക്ഷേത്രം മുങ്ങാന്‍ വിതുമ്പി നില്‍ക്കുന്നതും, പുഴ തനിക്ക് കിട്ടിയ അതിരില്ലാത്ത വെള്ളത്തെ ആര്‍ത്തിയോടെ കൊണ്ടുപോകുന്നതുമൊക്കെ കാണുകയുണ്ടായി. യാത്രക്കിടയില്‍ ഓഫീസ് ചര്‍ച്ചകള്‍ വേണ്ട എന്നൊരു മുന്‍ധാരണ ഉണ്ടായിരുന്നതിനാല്‍ അത് ഒരു തരത്തിലും യാത്രയെ ബാധിച്ചതുമില്ല. തമാശകളും, പൊതുകാര്യങ്ങളുമൊക്കെ ചര്‍ച്ചാ വിഷയങ്ങളായി യാത്ര അതിന്റെ ഓളത്തിലേക്കെത്തി. ഇടക്ക് യാത്രയുടെ വിരസത മാറ്റാന്‍ dumb charades കളിയുമെത്തി. അങ്ങനെ കളിയും ചിരിയും ഉറക്കാവുമൊക്കെയായി പുലര്‍ച്ചെ 4 മണിയോടെ മഡ്ഗാവ് റെയില്‍വേ സ്റ്റേഷനെത്തി. അവിടെ നിന്ന് ഏകദേശം 1.15 മണിക്കൂര്‍ നീണ്ട കാര്‍ യാത്ര.
പഴയ കാല സിനിമകളിലെ ഗാനങ്ങൾ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നു. കാർ ഓടിച്ചിരുന്ന ആൾ ഒരു കമ്മ്യൂണിസ്റ്റ് ആണോ എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. കാരണം അദ്ദേഹം നമ്മൾ പറയുന്ന വഴിയിൽ യാത്ര ചെയ്യില്ല. മാത്രമല്ല അയാൾ google mapന് എതിരായിരുന്നു. ഏതോ വഴിയിലൂടെ ഒക്കെയാണ് അദ്ദേഹം സഞ്ചരിച്ചത്. എങ്ങോട്ടാണ് പോകേണ്ടത് എന്ന് പോലും അറിയാതെയുള്ള അദ്ദേഹത്തിന്റെ യാത്ര. ഇടക്ക് ചായ കുടിക്കാൻ നിർത്തിയ അദ്ദേഹം തിരിച് കാറോടിക്കാൻ ഒരുങ്ങിയത് ഒരു കൈയിൽ സിഗരറ്റും മറു കൈയിൽ ചായയും കൊണ്ടായിരുന്നു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം അത് തീർത്തിട്ടാണ് യാത്ര തുടങ്ങിയത്.
താമസം ഒരുക്കിയിരുന്നത് ‘അഞ്ചുന’യിലായിരുന്നു. സ്വിമ്മിങ് പൂള്‍ അടങ്ങുന്ന മനോഹരമായ ഒരു വില്ല ആയിരുന്നു അത്. ഞങ്ങള്‍ മൊത്തം 7 പേരായിരുന്നു. അതുകൊണ്ട്തന്നെ യാത്രക്ക് ഒരു ടൂ വീലേറോ മറ്റെന്തെങ്കിലും വാഹനമോ ഇല്ലാതെ പറ്റില്ലായിരുന്നു. സുഗമമായ യാത്രക്ക് ടൂ വീലറുകളാണ് വാടകക്ക് എടുത്തത്. രാവിലെ തന്നെ യാത്ര തുടങ്ങി. ഭക്ഷണമെല്ലാം പുറത്തുനിന്ന് ആയിരുന്നത് കൊണ്ട് വേറിട്ട രുചികളും മറ്റും പരീക്ഷിക്കാന്‍ സാധിച്ചു.

Astoria Hotel, Anjuna Mapusa Rd, Bardez, Mapusa, Assagao, Goa
ആദ്യ ദിവസം രാവിലെ കുറച്ചു യാത്രക്ക് ശേഷം ഉച്ചക്ക് ബാഗാ ബീച്ചിലെത്തി. ഭക്ഷണവും മറ്റുമൊക്കെയായി സമയം ചെലവഴിച്ചു.

Baga, Goa
വൈകുന്നേരം വീണ്ടും യാത്ര ആരംഭിച്ചു. ആദ്യം പോയത് ഹില്‍ ടോപ്പിലേക്കാണ്. യാത്രയൊക്കെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തന്നെ ആയിരുന്നു.പോകുന്ന വഴിയില്‍ ഒക്കെ ശ്രദ്ധിച്ച ഒരു കാര്യം അവിടുത്തെ നായ്ക്കളെയാണ്. ചിലപ്പോള്‍ തോന്നും മനുഷ്യരെക്കാളും നായ്ക്കളാണ് അവിടെ കൂടുതലുള്ളതെന്ന്. ഗോവയില്‍ ഓഫ് സീസന്‍ ആയത്‌കൊണ്ട്തന്നെ യാത്രയെ ആലോസരപ്പെടുത്താതെയുള്ള മഴയുടെ ഒരു സാന്നിധ്യം പ്രകടമായിരുന്നു. ഹില്‍ടോപ്പിലേക്കുള്ള യാത്ര മനോഹരമായിരുന്നു. വഴികുറച്ച് ദുര്‍ഘടമായിരുന്നെങ്കിലും കുന്നിന്മുകളിലെ ആ കാഴ്ച്ച കാണാനുള്ള അഭിനിവേശം ഞങ്ങളെ പിന്തിരിപ്പിച്ചില്ല. വഴിമധ്യേ മരച്ചില്ലകളില്‍ നിന്ന് ചില്ലകളിലേക്ക് പാറിപ്പറന്ന മയിലിന്റെ മനോഹര ദൃശ്യം പെയ്യുന്ന മഴയേക്കാള്‍ കുളിര്‍മ നല്‍കി.

കുന്നിന്മുകളിലെത്തി, ഒരു വശത്ത് തീരത്തോട് വന്നടുക്കാന്‍ കൊതിക്കുന്ന കടലും, മറുവശത്ത് പച്ചപ്പും, തണുത്ത കാറ്റും, ഇടയ്ക്ക് പെയ്ത മഴയും.
ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ പ്രകൃതിയുടെ എല്ലാ വിരുന്നും ഒരു കുടക്കീഴില്‍ വന്ന് നില്‍ക്കുന്ന ഒരു സുഖനുഭൂതി.
അവിടെ കുറച്ചുനേരം ചിലവഴിച്ച ശേഷം ഞങ്ങള്‍ അടുത്ത സ്ഥലത്തേക്കു യാത്ര തിരിച്ചു.

Chapora Fort
അത് ആ കുന്നിന്മുകളില്‍ വച്ച് കണ്ട ഒരു സ്ഥലത്തേക്ക് തന്നെ ആയിരുന്നു, ചപോറ ഫോര്‍ട്ട്. ‘Dil chahta hai’ എന്ന ഹിന്ദി ഫിലിം കണ്ടിട്ടുള്ള ആര്‍ക്കും ആ ലൊക്കേഷന്‍ മനസ്സിലുണ്ടാകും.
മുന്‍പ് പ്രതിപാദിച്ചത് പോലുള്ള ഒരു അനുഭവം തന്നെയാണ് ഇവിടെ നിന്നും കാണാന്‍ സാധിക്കുന്നതെങ്കിലും ഓരോ സ്ഥലവും ഒരുക്കിവച്ചിരിക്കുന്ന ദൃശ്യം വേറിട്ടത് തന്നെയാണ്.

തിരിച്ച് റൂമിലെത്തി രാത്രി ബാഗാ ബീച്ചിന് സമീപമുള്ള ഒരു പബ്ബില്‍ സമയം ചെലവഴിച്ചു. വേറിട്ടൊരു സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ച തന്നെയായിരുന്നു അത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ആവിഷ്‌കരമെന്നോണമുള്ള വസ്ത്രധാരണവും നൃത്തവും ലഹരിയുമെല്ലാം അടങ്ങിയ ഒരു വിരുന്ന്. ആ പബ്ബില്‍ ബില്ലിയാര്‍ഡ്സ് കളികളില്‍ ഏര്‍പ്പെട്ടും മറ്റും പലരുമുണ്ടായിരുന്നു.

അവിടെ ആഘോഷിക്കാന്‍ എത്തിയ ഒരു കൂട്ടം ആള്‍ക്കാരില്‍ ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെ മണിക്കൂറുകള്‍ നീണ്ട നൃത്തം അവരുടെ ആഘോഷത്തിന്റെ ലഹരിയുടെ തീവ്രത പ്രകടമാകുന്നതായിരുന്നു. നേരം വെളുക്കുവോളം ഞങ്ങള്‍ അവിടെ തന്നെ ചിലവഴിച്ചു.
രണ്ടാം ദിവസം ഞങ്ങള്‍ യാത്ര തിരിച്ചത് അഗ്വാട ഫോര്‍ട്ടിലേക്ക് ആയിരുന്നു.

Aguada Fort
ചെങ്കല്ലുകൊണ്ട് നിര്‍മിതമായ ഒരു പുരാതന കോട്ട ആയിരുന്നു അത്. ഫോട്ടോഗ്രാഫി സാധ്യതകള്‍ പരീക്ഷിച്ചും മറ്റും അവിടെ കുറച്ചു സമയം ചെലവിട്ടു.

മുമ്പ് പറയപ്പെട്ടത് പോലെ ഇവിടവും സമുദ്രത്താല്‍ ചുറ്റപ്പെട്ടതായിരുന്നു. അവിടെനിന്ന് ഞങ്ങള്‍ Sinquerim ബീച്ചിലേക്ക് യാത്രയായി.

Sinquerim Beach
ചെല്ലുന്നിടത്തെല്ലാം ബാറുകളും, പബ്ബുകളും. ഗോവയുടെ ഭൂരിഭാഗവും കടലിനെ ആശ്രയിച്ചാണ്. അവരുടെ ഉപജീവനവും അങ്ങനെതന്നെ. Calangute ബീച്ചില്‍ ആയിരുന്നു അന്നത്തെ സായാഹ്നം.

Calangute Beach
അടുത്ത ദിവസം ഞങ്ങള്‍ സൗത്ത് ഗോവയിലേക്കാണ് യാത്ര തിരിച്ചത്. പോകുന്ന വഴികളിലെല്ലാം കണ്ട പള്ളികളുടെ സാന്നിധ്യം എടുത്തു പറയേണ്ട ഒന്നാണ്. Dona paulല്‍ ബീച്ച് സൈഡില്‍ കുറച്ചു സമയം ചിലവഴിച്ചു.

മഴ അപ്പോഴേക്കും ഇടവിടാതെ പെയ്യുന്നുണ്ടായിരുന്നു. അവിടെ നിന്നും ഒരു ലാറ്റിന്‍ കോളനി ആയ Fontainhasലേക്ക് പോയി. തികച്ചും വേറിട്ടൊരു കെട്ടിട നിര്‍മാണശൈലിയായിരുന്നു അവിടെ കാണാന്‍ സാധിച്ചത്.

Fontainhas
പലനിറത്തിലുള്ളതായ കെട്ടിടങ്ങള്‍ക്ക് ഇടയില്‍ ഒരു കഥാപാത്രം മനസിനെ ഏറെ ചിന്തയിലാഴ്ത്തി. ഒരു വൃദ്ധന്‍ ഒരു വീടിന്റെ ജനാലക്കുള്ളില്‍ തന്റെ തന്നെ പ്രായം തോന്നിപ്പിക്കാവുന്ന ഒരു വയലിന്‍ വായിക്കുന്നു. കീറിപ്പറിഞ്ഞ വേഷവിധാനം. താന്‍ ഒരു സദസ്സിനെ അഭിസംബോധന ചെയ്ത് തന്റെ യൗവനകാലത്തെ ഓര്‍മകളില്‍ അത് ആസ്വദിച്ച് വായ്ക്കുകയാണെന്നത് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്ന് പ്രകടമായിരുന്നു. അദ്ദേഹം ഫോട്ടോ എടുക്കാന്‍ അനുവദിച്ചില്ല. താന്‍ മറ്റൊരു ലോകത്താണ് എന്നത് അദ്ദേഹം പറയാതെ തന്നെ മനസ്സിലാക്കാവുന്നതായിരുന്നു.
Basilica of Bom Jesus
അവിടെ നിന്നും ഞങ്ങള്‍ യാത്ര തിരിച്ചത് ഓള്‍ഡ് ഗോവയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ സ്മരണകള്‍ അടക്കിയിരിക്കുന്ന Basilica of Bom Jesusലേക്ക് ആയിരുന്നു. നല്ല രൂപഭംഗിയുള്ള തീര്‍ത്തും ചെങ്കല്ലില്‍ തീര്‍ത്ത ഒരു ദേവാലയം.
അവിടെ നിന്ന് ഞങ്ങള്‍ മഡ്ഗാവ് സ്റ്റേഷനിലേക്ക് യാത്രയായി. 9 മണിക്ക് യാത്രതിരിച്ചു. അടുത്ത ദിവസം രാവിലെ ഏകദേശം 10.30ക്ക് കൊച്ചിയിലെത്തി.
എന്നാല്‍ യഥാര്‍ത്ഥ യാത്ര തുടങ്ങാന്‍ പോകുന്നതെയുള്ളൂ എന്ന യാഥാര്‍ഥ്യം പിന്നീടാണ് മനസ്സിലായത്. ഏകദേശം ആഗസ്റ്റ് 14ന് ഉച്ചക്ക് ശേഷം പെയ്ത മഴ നിര്‍ത്താതെ പെയ്തു. കേരളത്തിലെ ഡാമുകളില്‍ വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം തന്നെ തുറന്നുവിട്ടു. തീര്‍ന്നില്ല, മുല്ലപെരിയാര്‍ ഡാമും തുറന്നു. പിന്നീട് കണ്ടതും അനുഭവിച്ചതും കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വണ്ണം ജലപ്രളയം.

ദിവസങ്ങള്‍ നീണ്ടു നിന്ന ദുരിതപെയ്ത്. സ്വന്തം വീടും മറ്റും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ചേക്കേറിയത് ലക്ഷങ്ങള്‍. ധാരാളം ജീവിതങ്ങള്‍ പൊലിഞ്ഞു. പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ഗതാഗതം താറുമാറായി. സമൂഹ മാധ്യമങ്ങള്‍ രക്ഷാ പ്രവര്‍ത്തന കേന്ദ്രങ്ങളായി. നാടും നാട്ടാരും കൈകോര്‍ത്തു. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായി. ഏകദേശം 5 ദിവസം നീണ്ട ദുരിതങ്ങള്‍ക്ക് ഒടുവില്‍ കേരളം കര കാണാന്‍ തുടങ്ങി. ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത നാട് അക്ഷരാര്‍ത്ഥത്തില്‍ ‘മാനുഷ്യരെല്ലാരും ഒന്നുപോലെ’ ആയി.
ഒരു ആഘോഷ യാത്രയുടെ തിരതല്ലികെടും മുമ്പ് ഒരു ദുരിത യാത്ര നേരിൽ കണ്ട് പകച്ചു നിൽക്കേണ്ടി വന്ന ഒരാളെന്ന നിലയിൽ കേരളത്തിലെ ജനങ്ങൾ ഈ ദുരിതക്കയത്തിൽ നിന്ന് കരകയറി വന്നത് വളരെയേറെ ആത്മവിശ്വാസം നൽകിയ ഒന്നാണ്. ജീവിതം എന്ന യാത്രയിൽ ഇനിയും കണ്ട് തീർന്നിട്ടില്ലാത്ത അനുഭവങ്ങളെ നേരിൽ കാണുവാനുള്ള ഭാഗ്യം എല്ലാർക്കും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് അടുത്ത യാത്ര തുടങ്ങട്ടെ!!!
ഇത് Radworx Media Pvt. Ltd. ടീം സംഘടിപ്പിച്ച ഗോവ യാത്രയുടെ ഒരു അനുഭവ കുറിപ്പാണ്. ഇതില്‍ പലതും യാത്രയിലെ സംഭാഷങ്ങള്‍ക്കിടയിലും, ചര്‍ച്ചകള്‍ക്കിടയിലും നിന്ന് ആര്‍ജവം ഉള്‍ക്കൊണ്ട് എഴുതിചേര്‍ക്കപ്പെട്ടവയാണ്.
സഹയാത്രികര്‍ : Atul Warrier, Pramod Karthikeyan, Binoy Mukkandath, Shyam Musthafa, Sudhish Mangalamkat, John A J







Comments