മെസ്സിയും ഫുട്ബോളും പിന്നെ ഞാനും
- krithwe
- Nov 24, 2022
- 2 min read
2002 വേൾഡ് കപ്പ് ഫൈനലാണ് ഞാൻ ആദ്യമായി ഫുട്ബോൾ കളി കണ്ട് തുടങ്ങുന്നത്. അന്നത്തെ ബ്രസീൽ ഫുട്ബോളിൻ്റെ അറ്റാക്കും ജർമനിയുടെ ഡിഫിൻസും നേരിൽ കണ്ട കളിയിൽ ബ്രസീൽ കപ്പിൽ മുത്തമിട്ടത് ഇന്നും ചെറുതായെങ്കിലും മനസ്സിലുണ്ട്. അന്നത്തെ ജർമൻ ഗോൾകീപ്പർ ആയിരുന്ന ഒലിവർ ഖാനും ബ്രസീലിൻ്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച റൊണാൾഡോയും എല്ലാം ഫുട്ബോൾ മനസ്സിലേക്ക് ചേക്കേറാൻ കാതലായ കാരണക്കാരാണ്. അച്ഛൻ മികച്ച ഒരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നത് കൊണ്ടാകണം ക്രിക്കറ്റിനേക്കാളും ഫുട്ബോൾ കാണാൻ ആയിരുന്നു ഞങ്ങളെ പ്രോത്സഹിപ്പിച്ചിരുന്നത്. സ്കൂൾ തലങ്ങളിൽ ഫുട്ബോൾ ടീമിൽ ഇടം നേടുന്നതിലും അച്ഛൻ നൽകിയ പിന്തുണ ചെറുതല്ല.
2006 വേൾഡ്കപ്പ് നടക്കുമ്പോഴാണ് മെസ്സിയുടെ കളി ആദ്യമായി കാണുന്നത്. അന്ന് സെർബിയക്ക് എതിരെ പകരക്കാരനായി ഇറങ്ങി ഗോൾ നേടിയതോടെ മനസ്സിൽ കയറിക്കൂടിയതാണ്. അന്നത്തെ ഒരു ആവേശത്തിന് ഫുട്ബോൾ കിറ്റ് പോലെ കൂടെ കരുതിയ പെട്ടിയിൽ അന്നത്തെ പത്രത്തിൽ വന്ന മെസ്സിയുടെ ചിത്രം വെട്ടിയോട്ടിച്ചത് ഇന്നും അത് പോലെ ഉണ്ടെന്നത് ഓർമകൾക്ക് ആക്കം കൂട്ടുന്ന ഒന്നാണ്.

ലീഗ് ഫുട്ബോൾ വളരെ തിരഞ്ഞെടുത്ത് കാണുന്ന ഒരു രീതിയായിരുന്നു എൻ്റേത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ എൻ്റെ താത്പര്യം ഒരു ടീമിനെക്കാൾ ഒരു കളിക്കാരനോട് ആയിരുന്നു. എങ്കിലും വേൾഡ് കപ്പുകൾ എന്നും ആവേശത്തോടെ കണ്ടിരിക്കാറുണ്ട്. മെസ്സിയോടുള്ള കടുത്ത ഇഷ്ടം അർജൻ്റീനയോടും ബാർസലോണയോടും പിന്നീട് പിഎസ്ജിയോടും ഒരു അടുപ്പം സ്ഥാപിച്ചു എന്ന് പറയാതെ വയ്യ. ഒരു അർജൻ്റീന ആരാധകൻ ഏറ്റവും കൂടുതൽ കളിയാക്കലുകൾ ഏറ്റുവാങ്ങിയുട്ടുള്ളത് വിഖ്യാതമായ മറഡോണയുടെ ദൈവത്തിൻ്റെ കൈയുടെ പേരിലും കപ്പിനും ചുണ്ടനുമിടയിൽ വരുത്തിയ തോൾവികളെയും കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. മറ്റുള്ള ടീമുകളുടെ ആരാധകർക്കും ഇതുപോലെ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അനുഭവങ്ങൾ ഉള്ളവരായിരിക്കും.
ഫുട്ബോൾ പലപ്പോഴും രസകരമാകുന്നത് അതിൻ്റെ പ്രവചനാതീതമായ റിസൾട്ടുകളാണ്. കളിയേയും കളിക്കാരെയും അവരുടെ മുൻകാല ചരിത്രത്തിൻ്റെ അടിസ്ഥാനത്തിൽ മുൻവിധിയോടെ വീക്ഷിക്കുന്നത് ശെരിയല്ല എന്നാണ് എൻ്റെ പക്ഷം. ഞാൻ ഇത് പറയുമ്പോൾ 2022 വേൾഡ് കപ്പിൽ സൗദി അറേബ്യ അർജൻ്റീനയെയും ജപ്പാൻ ജർമനിയെയും അട്ടിമറിച്ചു നിൽക്കുകായാണ്. ഫുട്ബോൾ അത് ഏത് ടീമിൻ്റെ ആയാലും അത് ആസ്വദിക്കുക എന്നതാണ് പ്രധാനം. അധികം പരിചയമില്ലാത്ത ടീമുകൾ ഏറ്റുമുട്ടുമ്പോൾ അറിയാതെയാണെങ്കിലും ഒരു ടീമിൻ്റെ പക്ഷത്തേക്ക് നമ്മുടെ മനസ്സ് തിരിയുന്നത് ഈ ആസ്വാദനത്തിൻ്റെ മറ്റൊരു വശമാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും എല്ലാം മികച്ച കളിക്കാർ തന്നെയാണെങ്കിലും മെസ്സിയെ വ്യത്യസ്തനാക്കുന്നത് അയാളുടെ വ്യക്തിത്വം കൂടിയാണ്. മെസ്സി കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കപ്പ് ഉയർത്തുമ്പോൾ അർജൻ്റീനക്കായി ഉയർത്തിയപ്പോൾ ഉണ്ടായ സന്തോഷം ചെറുതല്ല. പല മികച്ച കളിക്കാരുടെയും അവസാന വേൾഡ് കപ്പ് എന്ന നിലയിൽ 2022 വേൾഡ് കപ്പ് ഏറെ ശ്രദ്ധേയേറുന്നതാണ്. പല ടീമുകളും ഇനിയും കളത്തിൽ ഇറങ്ങാൻ പോകുന്നതെയുള്ളു. കളികൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്. പല അട്ടിമറികളും കണ്ട ഈ വേൾഡ് കപ്പ് ഇനിയും പ്രവചനാതീതമാണ്. ഏഷ്യൻ ടീമുകളുടെ മികച്ച പ്രകടനം അഭിമാനിക്കാൻ വകയുള്ളതാണ്.
ആരാധനയുടെ പേരിലുള്ള തമ്മിലടി അതിപ്പോൾ കളിയിലാണെങ്കിലും കലയിലാണെങ്കിലും ആരോഗ്യപരമല്ലെങ്കിൽ അതിൻ്റെ സൗന്ദര്യത്തെ തല്ലിക്കെടുത്തും. നല്ല അസ്വാദനമുണ്ടാകട്ടെ, നല്ല വിമർശനങ്ങളും. എല്ലാവർക്കും നല്ലൊരു ഫുട്ബോൾ കാലം ആശംസിച്ചുകൊണ്ട് നിർത്തട്ടെ!







Comments