top of page

ചെറിയ മനുഷ്യനും വലിയ ലോകവും

  • Writer: krithwe
    krithwe
  • Aug 16, 2020
  • 2 min read

മുമ്പത്തേക്കാളേറെ എഴുതണമെന്ന ആഗ്രഹവുമായാണ് ഞാന്‍ ഈ വര്‍ഷമാരംഭിച്ചത്. എന്നാല്‍ 2020 പകുതി പിന്നിടുമ്പോള്‍ ഇതൊരു ആഗ്രഹമായി തന്നെ അവശേഷിക്കുന്നു. ഒരുപാട് യാത്ര ചെയ്യണമെന്നും അതിലൂടെ പുതിയ അറിവുകളും അനുഭവങ്ങളും നേടണമെന്ന് ആഗ്രഹിച്ച ഞാനിപ്പോള്‍ ജീവിതത്തിലിന്നുവരെ പോകാത്ത വഴികളിലൂടെയാണ് കടന്നുപോകുന്നത്. ഞാന്‍ മാത്രമല്ല, നാം ഓരോരുത്തരും എന്ന് പറയുന്നതാകും നല്ലത്. ഞാന്‍ എഴുതിയിട്ടുള്ളതിലേറെയും എൻ്റെ ജീവിതത്തില്‍ ഏതെങ്കിലും രീതിയില്‍ സ്വാധീനിച്ചിട്ടുള്ള അനുഭവങ്ങളില്‍ നിന്ന് ആര്‍ജവമുള്‍ക്കൊണ്ടുകൊണ്ടാണ്. പറയത്തക്ക അനുഭവങ്ങളുണ്ടാകാതെ എന്താണെഴുതാന്‍ കഴിയുക?

കൊറോണ/കോവിഡ്-19 ഈ പേരുകള്‍ വര്‍ഷാരംഭത്തില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ ലാഘവത്തില്‍ മാത്രമാണ് കണ്ടത്. ഏതോ നാട്ടിലെ ഏതോ രോഗം. ഓഫീസില്‍ നിന്ന് പോകാനിരുന്ന ടീം ഔട്ടിംഗ് മുടങ്ങിയപ്പോഴാണ് ഈ ഒരു രോഗത്തിന്റെ ഗൗരവം എനിക്ക് അനുഭവഭേദ്യമായി തുടങ്ങുന്നത്. മറ്റ് പല രാജ്യങ്ങളിലും പടര്‍ന്ന് പിടിച്ച രോഗത്തിന്റെ തീവ്രത ഇതൊരു ലോകാവസാനമായിരിക്കുമോ എന്ന് തന്നെ തോന്നിപ്പിച്ചു.

മാര്‍ച്ച് പകുതിയോടെ ഓഫീസ് നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം ആക്കിയപ്പോഴും അതിത്രയും നാള്‍ നീണ്ട ഒരു പരീക്ഷണ കാലഘട്ടമായിരിക്കുമെന്ന് നിനച്ചില്ല. വീട്ടിലിരുന്നുള്ള ആദ്യ ദിനങ്ങള്‍ ആസ്വദിച്ചു പോന്നുവെങ്കിലും ഒരു സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നപ്പോഴാണ് ശരിക്കും കൂട്ടിലകപ്പെട്ട അവസ്ഥയിലെത്തിയത്. ഇനി പഴയപോലെ യാത്രകളില്ല, സിനിമാ കാഴ്ചകളില്ല, ഓഫീസില്ല, സുഹൃത്തുകളുമായുള്ള ഒത്തുചേരലുകളില്ല. ഇനി പലതും ഓര്‍മകള്‍ മാത്രമാകും.

ഇന്നുവരെ ലോകം കണ്ടിട്ടില്ലാത്ത നാളുകളാണ് പിന്നീട് കടന്നുവന്നത്. എവിടെയും കോവിഡ്-19 മാത്രമായി ചര്‍ച്ചാവിഷയം. ഒന്നിനും സമയം കിട്ടാതെ ഓടിനടന്ന മനുഷ്യന് സമയം എങ്ങനെയൊക്കെ ചിലവാക്കാമെന്ന് ചിന്തിപ്പിച്ച നാളുകളെത്തി. എല്ലാവരും സ്വന്തം വീടുകളില്‍ ഒതുങ്ങി തുടങ്ങി. തിരക്കുകളുടെ നെട്ടോട്ടത്തില്‍ വല്ലപ്പോഴും വീട്ടിലെത്തിയിരുന്ന മക്കളെല്ലാം വീട്ടിലൊത്തുകൂടിയപ്പോള്‍ പ്രായമായവര്‍ക്ക് എന്തെന്നില്ലാത്ത സന്തോഷത്തിൻ്റെ ദിനങ്ങളായി. സര്‍ക്കാരിൻ്റെ അറിയിപ്പുകളുടെ അടിസ്ഥാനത്തിൽ വേണ്ട കരുതലുകളെടുക്കാന്‍ നിര്‍ബന്ധിതരായി. മാസ്ക് ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി.

സ്ഥിരവരുമാനമുള്ളവര്‍ക്ക് സമ്പാദ്യം സ്വരുക്കൂട്ടാനുള്ള അവസരമായപ്പോള്‍, ദിവസവേതനത്തിന് പണിയെടുത്തുപോന്ന പാവപ്പെട്ടവര്‍ക്കും, സ്വന്തം കര്‍മമേഖലയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിതെ ആയവര്‍ക്കും ജീവിതം കയ്‌പേറിയതായി മാറി. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സന്തതസഹചാരിയായി മാറി. ആര്‍ഭാടങ്ങള്‍ മാറ്റിവക്കാന്‍ സ്വപ്‌നം കാണാന്‍ പറ്റാതിരുന്ന മലയാളിക്ക് ആഘോഷങ്ങള്‍ പരിമിതമായ ആളുകളില്‍ ഒതുക്കേണ്ടിവന്നപ്പോള്‍ ആരാധനാലയങ്ങളും മതഭ്രാന്തന്മാരും മൗനം പൂണ്ടു. ഭൂമിക്ക് കുറച്ച് ശുദ്ധവായു ലഭിച്ച് തുടങ്ങി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന് കുട്ടികളെ ശകാരിച്ചിരുന്ന രക്ഷിതാക്കള്‍ക്ക് പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിനല്‍കേണ്ട അവസ്ഥയായി. സാത്താന്‍പ്പെട്ടി എന്ന് വിളിച്ചാക്ഷേപിച്ച ടിവി മഹത്തരമായ ഉപകരണമായി മാറി. വെബിനാറുകളും ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകള്‍ സജീവമായപ്പോള്‍, ഇതിനെക്കുറിച്ച് ഒന്നും കാര്യമായ അറിവില്ലാതിരുന്നവര്‍ പോലും സിദ്ധിയാര്‍ജിച്ച് തുടങ്ങി. വിഷമടങ്ങിയ പച്ചക്കറികള്‍ ഒഴിവാക്കി പലരും മണ്ണിലേക്കിറങ്ങി. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ സിനിമാസ്വാദനത്തിന് കുറച്ചുകൂടി പ്രചാരം പ്രാപിച്ചുതുടങ്ങി. ഈ കാലയളവിലെ രാഷ്ട്രീയ കോലാഹലങ്ങളെ നോക്കി ചിരിക്കാന്‍ മാത്രമേ എനിക്ക് തോന്നുന്നുള്ളു. മാധ്യമങ്ങള്‍ക്കും എന്തെങ്കിലുമൊക്കെയൊരു നേരമ്പോക്ക് വേണ്ടേ? കുറച്ചൊക്കെ കഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും മേല്‍പറഞ്ഞതില്‍ പലതും നമുക്ക് നേരത്തേ തന്നെയാകാമായിരുന്നില്ലേ എന്ന ചോദ്യം മാത്രം ബാക്കി.

ഈ ഒരു വിഷയത്തെക്കുറിച്ച് എഴുതണമെന്ന് കരുതിയതല്ല. നഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ പറ്റാത്ത ഒരു വൈറസ് മനുഷ്യനെക്കൊണ്ട് ഇത്രയേറെ കോലം കെട്ടിക്കുന്നുണ്ടെങ്കിൽ, മനുഷ്യൻ അത്രമേൽ വല്ല്യ സംഭവമൊന്നുമല്ല എന്ന് തെളിയിച്ച ഞാൻ കണ്ട ലോകത്തിൻ്റെ വികൃതി തന്നെയാണ് ഈ കോവിഡ്-19. ഇത് വായിക്കുന്ന ഞാനും നിങ്ങളും ഇനി എന്ന് നേരിൽ കണ്ട് സംവദിക്കുമെന്ന് അറിയില്ലെങ്കിലും ലോകത്തിൻ്റെ ഒരു കോണിൽ നമ്മൾ ഇരുവരും ജീവിച്ചിരിക്കുന്നുണ്ടല്ലോ, എന്ന സമാധാനത്തിൽ നിർത്തട്ടെ!


Comments


Post: Blog2_Post

© 2023 | Krithwe J. Vekkan

  • Facebook
  • Instagram
  • LinkedIn
  • Twitter
bottom of page