ആദ്യത്തെ ‘കിക്ക്’ സ്റ്റാർട്ട്!
- krithwe
- Feb 9, 2020
- 2 min read
കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സുഹൃത്തിന്റെ കൂടെ ‘ഗൗതമന്റെ രഥം’ എന്ന സിനിമ കാണാന്‍ ഇടയായി. ഈ എഴുത്തിനെ സ്വാധീനിച്ച ഘടകവും അത് തന്നെയാണ്. ഈ സിനിമ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കും എന്നൊന്നും അല്ല എന്റെ ചിന്ത വിഷയം. ‘ആദ്യ വണ്ടി’യെ കുറിച്ചാണ് എന്റെ ചിന്തകളും ഈ എഴുത്തും.
ഞാന്‍ ആദ്യമായി എടുത്ത വണ്ടിയുടെ കഥ മുന്‍പ് ഒരു ബ്ലോഗില്‍ എഴുതിയിരുന്നു. (കാലം ഓര്‍മത്താളിലൊതുക്കിയ ഒരു വണ്ടിക്കഥ) വീണ്ടും അത് പറഞ്ഞു വിരസത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നില്ല. എന്റെ 23ആം വയസ്സിലാണ് സ്വന്തമായി ഒരു വണ്ടി സ്വന്തമാക്കുന്നത്. അതും അച്ഛന്റെ സുഹൃത്തിന്റെ ഒരു പഴയ Ind Suzuki. വണ്ടി കയ്യില്‍ കിട്ടിയിട്ട് കുറച്ചു പണികളൊക്കെ തീര്‍ക്കാന്‍ വേണ്ടി കുറച്ചു ദിവസം വര്‍ക്ക് ഷോപ്പില്‍ ആയിരുന്നു. തിരിച്ചു കയ്യില്‍ കിട്ടിയിട്ട് ഓടിക്കാന്‍ ആദ്യമൊന്നും വഴങ്ങുന്നുണ്ടായില്ല. വാങ്ങിയത് ഒരു അബദ്ധമായോ എന്ന് തോന്നി തുടങ്ങി. സെൽഫ് സ്റ്റാര്‍ട്ട് ഇല്ല, ലൈറ്റ് തീരെ വെട്ടം പോര, പെട്രോളിന്റെ കൂടെ ഓയില്‍ ഒഴിച്ച് കൊടുക്കണം ഒന്ന് ഓടിച്ചു കൊണ്ടു നടക്കണമെങ്കില്‍ എന്തൊക്ക പാടാ..? ആഹ്.. പോകുന്നിടത്തോളം പോട്ടെ, തീരെ പറ്റാതെ ആകുമ്പോള്‍ വേറെ വണ്ടി നോക്കാമെന്നോര്‍ത്തു സമാധാനിച്ചു.
ദിവസങ്ങള്‍ കടന്ന് പോയി. ഞാന്‍ പതുക്കെ വണ്ടിയുമായി പൊരുത്തപ്പെട്ടു, ഇഷ്ടപ്പെടാന്‍ തുടങ്ങി… എന്ത് വന്നാലും ഈ വണ്ടി കൊടുക്കരുത് എന്നായി എന്റെ മനസ്സില്‍. കുറെ ദൂരങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു. എന്റെ ഉയര്‍ച്ചയും താഴ്ചയും എല്ലാം കണ്ടു…ഒരു ജോലി തരം ആകാതെ അലഞ്ഞ നാളിലെ ഒരു ആശ്വാസം ആയിരുന്നു ആ വണ്ടി. എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞിട്ടുണ്ട് ഒരുമിച്ച്. അത്രയും പഴക്കം ചെന്ന വണ്ടി ആയിട്ട് കൂടി ഒരിക്കലും വഴിയില്‍ കിടത്തിയിട്ടില്ല. ഏകദേശം രണ്ടര വര്‍ഷം ഈ ഒരു യാത്ര തുടര്‍ന്ന് പോന്നു. ഒരു ജോലി ആയതിന് ശേഷവും കൂടെ തന്നെ ഉണ്ടായിരുന്നു. വേണ്ട പരിചരണവും കൊടുത്തിരുന്നു.
പയ്യെ പയ്യെ വണ്ടി തന്റെ പ്രായം അറിയിച്ചുകൊണ്ട് ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ കാണിച്ചു തുടങ്ങി. കഴിയുന്ന അറ്റകുറ്റപണികള്‍ തീര്‍ത്ത് വീണ്ടും മുന്‍പോട്ട് പോയി തുടങ്ങി. പക്ഷെ അതും അധികനാള്‍ നീണ്ടുനിന്നില്ല. മറ്റൊരു വണ്ടി എടുക്കാന്‍ തന്നെ തീരുമാനിക്കേണ്ടി വന്നു. പിന്നെ പുതിയ വണ്ടി എടുക്കുന്നതിനെ കുറിച്ചായി ചിന്ത. പിന്നെ പറ്റിയ വണ്ടികളെകുറിച്ചായി ഗവേഷണം. ഒരുമാതിരിപെട്ട വണ്ടികള്‍ക്കൊക്കെ അപ്പോള്‍ നല്ല വിലയുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ പിന്നെ എന്ത്‌കൊണ്ട് ബുള്ളെറ്റിനെ കുറിച്ചു ചിന്തിച്ചുകൂടാ എന്ന് പലരും അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി. കാര്യം എനിക്ക് ബുള്ളറ്റ് എടുക്കാന്‍ ഒരു പദ്ധതിയും അതുവരെ ഇല്ലാതിരുന്നിട്ടും പയ്യെ ബുള്ളറ്റ് തന്നെയായി മനസ്സില്‍. അങ്ങനെ സ്വന്തമായി ഒരു ബുള്ളറ്റ് തന്നെ വാങ്ങി.
പുതിയ വണ്ടി വന്നെങ്കിലും പഴയതിനെ കൊടുക്കാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. പക്ഷെ അടുത്ത വര്‍ഷത്തെ റീടെസ്റ്റ്, വര്‍ഷാ വര്‍ഷം പുതുക്കേണ്ട ഇന്‍ഷുറന്‍സ്, അറ്റകുറ്റപണികള്‍, കുതിച്ചുയരുന്ന പെട്രോള്‍ വില കൂടാതെ ആവശ്യത്തിന് ഓടിക്കാനും പറ്റിയില്ലെങ്കില്‍ വര്‍ഷാവര്‍ഷം ഈ മുടക്കുന്നത് മാത്രമാകും മിച്ചം. അങ്ങനെ വണ്ടി കൊടുക്കാന്‍ തന്നെ നിര്‍ബന്ധിതനായി.
വണ്ടി OLXല്‍ ഇട്ടു. കുറേപേര്‍ വിളിച്ചു. ചിലര്‍ പൊളിച്ചു വില്‍ക്കാനുള്ള ഉദ്ദേശത്തോടെയും വിളിച്ചു. ആര്‍ക്കും കൊടുക്കാന്‍ തോന്നിയില്ല. പലരും വളരെ വില കുറച്ചു പറഞ്ഞു. അവസാനം ഒരാള്‍ കാണാന്‍ വന്നു. അതും അഡ്വാന്‍സ് തുകയുമായി തന്നെ. ആളുടെ വീട്ടിലെ വിന്റ്റേജ് ബൈക്കുകള്‍ കണ്ടപ്പോള്‍ തോന്നി പഴയ ബൈക്കുകളോടുള്ള കമ്പം കൊണ്ടുതന്നെ എടുക്കാന്‍ വന്നതാണെന്ന്. അന്നൊരു ഞായറാഴ്ച ആയിരുന്നു, അയാള്‍ അന്ന് തന്നെ ബൈക്ക് കൊണ്ടുപോകാനാണ് വന്നത്. എന്നാല്‍, പേപ്പറുകള്‍കൂടി ശെരിയാക്കാന്‍ ഞാനും നാളെ വരാമെന്ന് പറഞ്ഞു, നാളത്തേക്ക് ആക്കി കാര്യങ്ങള്‍. അടുത്ത ദിവസം പതിവ് പോലെ ഞാന്‍ വീട്ടില്‍ നിന്നും ആ ബൈക്കില്‍ ഓഫീസിലേക്ക് യാത്ര തിരിച്ചു. എനിക്ക് അറിയാം തിരികെ വീട്ടിലേക്ക് ഇവന്‍ എന്റെ കൂടെ ഉണ്ടാകില്ല എന്ന്. അത്രയും ദിവസം ഇല്ലാതിരുന്ന എന്തോ ഒരു വിഷമം എന്റെ ഉള്ളില്‍ തിരയടിച്ചു. എനിക്ക് ഈ വണ്ടി എന്തൊക്കെയോ ആയിരുന്നു എന്ന് അന്ന് ആ യാത്രയില്‍ ഞാന്‍ അറിഞ്ഞു തുടങ്ങി.
ഓഫീസിലേക്കാണു അവര്‍ വരാം എന്ന് പറഞ്ഞത്. ഞാനും അവരുടെ കൂടെ RTOല്‍ പോയി പേപ്പറുകള്‍ ശെരിയാക്കി. അവിടെ വച്ച് തന്നെ ബാക്കി തുകയും അവര്‍ എനിക്ക് തന്നു. ആ തുക അത് എത്ര ആയാലും ഒരു ഭാരമായി എനിക്ക് തോന്നി. തിരികെ ഓഫീസ് വരെ മാത്രമാണ് എനിക്ക് ആ വണ്ടി ഇനി ഓടിക്കാന്‍ പറ്റു. അവസാന യാത്ര.. കണ്ണ് നിറഞ്ഞു തുടങ്ങി.. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി. ഓഫീസ് എത്തി. അയാള്‍ വണ്ടി എടുത്തു പോകാന്‍ നേരം ഞാന്‍ പറഞ്ഞു.. ‘ചേട്ടാ.. വണ്ടി പൊളിക്കാന്‍ ഒന്നും കൊടുക്കരുതെ’. ഇല്ല എന്ന അര്‍ത്ഥത്തില്‍ ഒരു ചിരി തന്ന് അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കി, യാത്ര തിരിച്ചു. ഞാന്‍ എന്റെ കണ്ണില്‍ നിന്ന് മറയുന്നത് വരെ നോക്കി നിന്നു. പോയി.. അല്ലെങ്കിലും അങ്ങനെ ആണല്ലോ.. ചിലത് ഒക്കെ പോകുമ്പോഴേ നമ്മുടെ ജീവിതത്തില്‍ അതിന്റെ വില എന്തായിരുന്നു എന്ന് നമുക്ക് മനസ്സിലാകൂ. കാരണം, നമ്മള്‍ മനുഷ്യരാണ്. ചില വേര്‍പാടുകള്‍ വേദനിപ്പിക്കും.. പിന്നെ അതൊരു ഓര്‍മായാകും.
ഞാന്‍ ഈ വണ്ടി വാങ്ങിയപ്പോള്‍ തന്ന ആളുടെ മുഖവും ഓര്‍മയുണ്ട്. അദ്ദേഹം ആ വണ്ടി പരിചയമുള്ള ഒരാള്‍ക്ക് കൊടുക്കാന്‍ കാരണവും എപ്പോഴെങ്കിലും കാണാമല്ലോ എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്.
ഇപ്പോഴും ഞാന്‍ എന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയുമ്പോള്‍ ആദ്യ വണ്ടിയെ ഓര്‍ക്കാറുണ്ട്. കാരണം, ഇതും കിക്കിലേ സ്റ്റാര്‍ട്ട് ആകൂ.!







Comments