കളിപ്പാട്ടം
- krithwe
- Mar 19, 2022
- 2 min read
ഇത് ആദ്യമായല്ല അയാളെ ഈ കായലിനരികെ കാണുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഒരു അപ്പൂപ്പൻ. ഉത്സവത്തിന് മാത്രം കാണാറുള്ള ഇത്തരം കളിക്കോപ്പുകളിലേക്ക് പ്രായം എത്രയായാലും കണ്ണോടിയെത്തുമെന്നത് മാറ്റമില്ലാതെ തുടരുന്ന ഒന്നാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്ന് എന്തോ എനിക്ക് അയാൾ കച്ചവടത്തിനിരിക്കുന്നതിന് അടുത്തുള്ള ഒരു ബഞ്ചിലിരിക്കാനിടം കിട്ടി. അയാളുടെ അടുത്തുകൂടി പോകുമ്പോഴുള്ള കുട്ടികളുടെ കണ്ണുകൾ കളിപ്പാട്ടങ്ങളിലേക്ക് ഉടക്കി, പിന്നെ ആ കണ്ണുകൾ അച്ഛനേയും അമ്മയേയും മാറി മാറി തിരയുന്നതും ഞാൻ കൗതകത്തോടെ നോക്കിയിരുന്നു. കുട്ടികളെ ആകർഷിക്കാൻ അയാൾ തൻ്റെ കയ്യിലുള്ള കുമിളകളെ പുറപ്പെടുവിക്കുന്ന കളിപ്പാട്ടം വായുവിലേക്ക് വീശുന്നുണ്ടായിരുന്നു. അതിൽ ചില കുമിളകൾ പൊട്ടിക്കാൻ കുട്ടികൾ പരക്കം പാഞ്ഞപ്പോൾ ചിലത് എന്നെയും തഴുകി പൊട്ടുന്നുണ്ടായിരുന്നു. ചില കുട്ടികൾക്ക് നേരെ കളിപ്പാട്ടങ്ങൾ നീട്ടികാണിച്ചും കുട്ടികളെ പ്രലോബനത്തിലേക്ക് വീഴ്ത്താൻ അയാൾക്ക് കിട്ടുന്ന ഒരു അവസരവും അയാൾ പാഴാക്കിയില്ല. ചില മാതാപിതാക്കൾ കുട്ടികളുടെ ആഗ്രഹത്തിന് വാങ്ങികൊടുത്തപ്പോൾ ചിലർക്ക് കുട്ടികളുടെ വാശിക്ക് കീഴടങ്ങേണ്ടി വന്നു. മറ്റു ചിലരാകട്ടെ കുട്ടികൾ നോക്കുമ്പോൾ തന്നെ കണ്ണുരുട്ടി കാണിച്ച് അതങ്ങോട്ട് ഒതുക്കി തീർത്തു.

നേരം ഇരുട്ടി തുടങ്ങി.. എങ്ങും വഴിവിളക്കുകൾ പ്രകാശിച്ചു തുടങ്ങി. അയാളുടെ കച്ചവടത്തെ ഇരുട്ട് ഒരു തടസ്സമാകാതെയിരിക്കാൻ വഴിവിളക്കിൻ്റെ ചുവട്ടിൽതന്നെയാണ് അയാൾ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. എൻ്റെ ശ്രദ്ധ അപ്പോഴും ആ കച്ചവടക്കാരനിലേക്കായിരുന്നു. വലിയ കച്ചവടം ഒന്നുമില്ലെങ്കിലും അയാൾ അതിലൊരു ആനന്ദം കണ്ടെത്തുന്നുണ്ട്. അങ്ങനെയിരിക്കെ അയാളുടെ ഫോണിൽ ഒരു കോൾ വന്നു. സംസാരത്തിൽ നിന്ന് അത് അയാളുടെ വീട്ടിൽനിന്നുള്ളതാണെന്ന് മനസ്സിലായി. താരതമ്യേന കുറച്ച് ഉച്ചത്തിൽ സംസാരിക്കുന്നത് കൊണ്ടായിരുക്കണം കായലോരത്തെ നിശബ്ദതയെ ഭേദിച്ച് അതെൻ്റെ ചെവിയിലൂടെയായിരുന്നു കടന്നുപൊയക്കൊണ്ടിരുന്നത്. സംസാരത്തിനിടയിൽ അയാൾ തൻ്റെ ഭാര്യയോടാകണം പേരക്കുട്ടികളെക്കുറിച്ച് അന്വേഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാളുടെ മുഖത്ത് അപ്പോഴുണ്ടായിരുന്ന ആ ചിരിയിൽ തന്നെ അവരോടുള്ള വാത്സല്യം പ്രകടമായിരുന്നു. “മുത്തശ്ശൻ വേഗം വരാട്ടോ” എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുമ്പോൾ അയാളുടെ മുമ്പിൽ ബലൂൺ വാങ്ങാൻ ഒരു കുട്ടി നിൽപ്പുണ്ടായി. കാറ്റ് നിറച്ച് ആ കുട്ടിയുടെ കൈയിലേക്ക് കൊടുക്കുമ്പോൾ അത് അയാൾക്ക് കേവലമൊരു കച്ചവടം മാത്രമല്ല. കാണുന്ന ഓരോ കുട്ടികളിലും തൻ്റെ മക്കളോടെന്നവണ്ണം ഒരു വാത്സല്യം കൂടിയുണ്ട്.
ഈ കാഴ്ചകളത്രയും എന്നെ എൻ്റെ കുട്ടിക്കാലമോർപ്പിച്ചു. പേടിക്കണ്ട, വള്ളിനിക്കറിട്ട് നടന്ന കാലത്തിലേക്കൊന്നുമല്ല. പണ്ട് അമ്മവീട്ടിൽ പോകാനായി വെള്ളിയാഴ്ച ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ എന്തെന്നില്ലാത്ത ഒരു ആഹ്ളാദമുണ്ടാകുമായിരുന്നു മനസ്സിൽ. അമ്മവീട്ടിലേക്ക് എപ്പോഴും ബസ്സ് ഉണ്ടാകാറില്ല. ബസ്സ് കിട്ടിയെത്തിയാലും പിന്നെയും ഉള്ളിലേക്ക് പോകാനുണ്ട്. ആ യാത്ര ഓട്ടോയിലാണ്. ശരിക്കും വിജനമാണവിടം. ചെറിയ ചെറിയ മുറുക്കാൻ കടകളും പെട്ടിക്കടകളും മാത്രമാണ് അടുത്തായുള്ളുത്. നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ടാകും അപ്പോഴേക്കും. വീട്ടിലേക്കുള്ള വഴിയിൽ മിക്കവാറും അപ്പച്ചൻ (അമ്മയുടെ അച്ഛൻ) ഞങ്ങളേയും കാത്ത് നിൽക്കും. അപ്പച്ഛൻ്റെ വിരലിൽ തൂങ്ങിയാണ് പിന്നെയങ്ങോട്ടുള്ള നടപ്പ്. കൈയിലുള്ള ടോർച്ച് അപ്പോഴേക്കും ഞാൻ സ്വന്തമാക്കിയിട്ടുണ്ടാകും. താഴെയിട്ടാൽ തല്ലുമെന്നുള്ള താക്കീതുള്ളതിനാൽ സൂക്ഷിച്ചേ ഉപയോഗിക്കാറുള്ളു. ആ നടപ്പിൽതന്നെ വിശേഷങ്ങളും ചോദിച്ചാരഞ്ഞിട്ടുമുണ്ടാകും അപ്പച്ചൻ. ഇരുട്ടാണെങ്കിലും വഴിയേപോകുന്നവർ എന്തെങ്കിലും കുശലാന്വേഷണം നടത്തും. വീടെത്തിയാൽ എന്തെങ്കിലും പലഹാരവുമായി അമ്മച്ചി കരുതിയിരുപ്പുണ്ടാകും. ഉള്ളത് പറയാമല്ലോ, അന്ന് കഴിച്ചിട്ടുള്ള പലഹാരത്തിൻ്റെ രുചിയൊന്നും ഇപ്പോഴത്തെയൊന്നിനും തന്നെയില്ല.

തട്ട് തട്ടായി കിടക്കുന്ന ഭൂപ്രകൃതിയാണവിടം. രാത്രിയായാൽ അടുത്തുള്ള വീട്ടിലെപോലും സന്ധ്യാപ്രാർത്ഥനയുടെ വായുവിൽ നിറഞ്ഞ് നിൽപ്പുണ്ടാകും അമ്മ വീടിന് ചുറ്റും റബർ മരങ്ങളാണ്. അതുകൊണ്ട് തന്നെ ചെറിയ തണുപ്പ് മനസ്സിലേക്കും ഒപ്പം ചീവീടുകളുടെ ശബ്ദം ചെവികളിലേക്കും പാഞ്ഞെത്തും. മഴയും കൂടിയുണ്ടെങ്കിൽ അത് വേറെ തന്നെയൊരനുഭൂതിയാണ്. കറണ്ട് കട്ട് ആ ഭാഗങ്ങളിൽ ഒരു പതിവ് സംഭവമാണ്. പോയാൽ ചിലപ്പോൾ തിരിച്ച് വരാൻ രണ്ടു മൂന്ന് ദിവസമെടുത്തെന്നും വരാം. കറണ്ട് വന്നാലുടനെ അപ്പച്ചൻ ടോർച്ച് ചാർജ് ചെയ്യാനിടുന്നത് പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതൊക്കെ ചില മുൻകരുതലുകളാണ്. നേരം വെളുത്താലും വേറെതന്നെയൊരു അന്തരീക്ഷമാണവിടം. തലേന്നത്തെ മഴയിൽ മണ്ണ് കുതിർന്ന് കിടപ്പുണ്ടാകും. ചെടികളിൽ മഴവെള്ളം അപ്പോഴും പറ്റിപ്പിടിച്ചിരുപ്പുണ്ടാകും. ആരോ രാവിലെ മുറ്റമടിച്ചിട്ടതിൻ്റെ ഈർക്കിലി പാടുകൾ കാണാം. നനഞ്ഞ് കുതിർന്ന് കിടക്കുന്ന ബീഡിക്കുറ്റികൾ കിടപ്പുണ്ടാകും. ബീഡി കണ്ടാൽ നൊസ്റ്റാൾജിയ ഉണരുന്നത് എനിക്ക് മാത്രമായിരിക്കുമോ? രാവിലെ കഴിച്ചയുടനെ മുറ്റത്തേക്കിറങ്ങും. അപ്പച്ചൻ പത്രവും വായിച്ച് കടുപ്പത്തിലൊരു കട്ടൻ ചായയുമൊക്കെ കുടിച്ച് വരാന്തയിലിരുപ്പുണ്ടാകും. എന്നെ കണ്ടാൽ മടിയിലിരുത്തി എന്തെങ്കിലും കുശലമന്വേഷിക്കും. ചിലപ്പോൾ കട്ടൻ്റെ ചൂട് ഊതിക്കെടുത്തി എനിക്കും കുടിക്കാൻ തരും. കട്ടൻ ചായയും ഓർമകളും തമ്മിൽ ഒരു അഭേദ്യമായ ഒരു ബന്ധമുണ്ടെന്നാണ് എൻ്റെ പക്ഷം. അന്നത്തെ ഗ്ലാസ്സിൻ്റെ ഡിസൈനൊന്നും ഇപ്പോഴെങ്ങും കാണാനില്ല. വീടിൻ്റെ പിൻഭാഗത്ത് റബർ ഷീറ്റ് ഉണക്കാനിട്ടിണ്ടാകും. അതിനൊരു പ്രത്യേക ഗന്ധമുണ്ട്. പറമ്പിലെ ചവറുകൾക്കിടയിൽ ചികഞ്ഞ് നടക്കുന്ന കോഴികളെയിട്ട് ഓടിക്കുകയെന്നത് സ്ഥിരം പരിപാടിയായിരുന്നു. അമ്മച്ചി കണ്ടാൽ വഴക്ക് പറയും. കോഴി മുട്ടയൊക്കെ ഉത്ഭവിക്കുന്നത് അന്നൊക്കെ ഒരു കൌതുകുമുണ്ടാക്കിയിരുന്ന കാഴ്ചകളാണ്. അമ്മച്ചിക്ക് കൃത്യമായി അറിയാം എവിടെ പോയി നോക്കിയാൽ മുട്ട കിട്ടുമെന്ന്. കോഴി അമ്മച്ചിയോട് പറഞ്ഞിട്ടാണോ മുട്ടയിടാൻ പോകാറെന്ന് ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്.

നടക്കാനേറെയുള്ള വഴികൾ… നടന്നാലും നടന്നാലും തീരാത്ത വഴികൾ… മനസ്സിൻ്റെ അടിത്തട്ടിൽ പതിഞ്ഞ് കിടക്കുന്ന ചില വഴികളാണത്രയും. ഇപ്പോഴും എവിടെയെങ്കിലും യാത്ര പോകുമ്പോൾ അത്തരം വഴികൾ ഓർമകളുമായി കൈകോർക്കാറുണ്ട്. രണ്ട് ദിവസത്തെ അവധിയും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോൾ മനസ്സിനെ പിടിച്ച് വലിക്കുന്ന എന്തൊക്കെയോ അവിടെയുണ്ടായിരുന്നു. വീണ്ടും സ്കൂളിൽ പോകണമല്ലോ എന്ന മടിയല്ല അത്. കളിപ്പാട്ടം നഷ്ടപ്പെട്ട് തേങ്ങുന്ന ഒരു കുഞ്ഞിൻ്റെ നൊമ്പരം പോലെയൊന്ന്.
കഥകളും യാത്രകളും തീരുന്നില്ല. വഴികളുള്ളത്രയും കഥകളുമുണ്ടാകും. അനുഭവങ്ങളുള്ള വഴിയേ കഥകളും താനേ കൈപിടിച്ച് വരും!







Comments