ചേട്ടൻ സൂപ്പറാ
- krithwe
- Aug 8, 2019
- 1 min read
ആഹാ എന്താ മഴ!
കാറെടുത്ത് ഒരു റൈഡ് ആയാലോ എന്ന് ചോദിച്ചതും ചേച്ചി സമ്മതം മൂളി. ചേട്ടൻ കാറിൽ കയറി ഹോൺ നീട്ടിയടിച്ചു, ചേച്ചി ഒരുങ്ങി വേഗം വരാനുള്ള അറിയിപ്പാണ്. ചേച്ചിയും വേഗം വണ്ടിയിൽ കയറി. വണ്ടി ഓടി തുടങ്ങിയതും ചേട്ടൻ അങ്ങോട്ട് റൊമാന്റിക് ആയി, പാട്ട് വച്ചു. “മഴയെ.. മഴയെ.. മഴയെ.. ” (ജെയിംസ് ആൻഡ് ആലീസ് സിനിമയിലെ). “ആഹാ! എന്താ ഒരു മൂഡ് അല്ലേ?” ചേച്ചി പറഞ്ഞു. “ചൂട് ചായയും, പരിപ്പ് വടയും കൂടി ആയാലോ..?” ചേട്ടന്റെ ചോദ്യം കേട്ടതും ചേച്ചി പറഞ്ഞു, “ഞാൻ അതങ്ങോട്ട് പറയാൻ തുടങ്ങുവാരുന്നു, ചേട്ടൻ സൂപ്പറാ”. അത് കേട്ടതും ചേട്ടനൊന്ന് ഞെളിഞ്ഞിരുന്നു. കൂട്ടത്തിൽ വണ്ടിയുടെ സ്പീഡും കുറച്ചൂടെ കൂടി, ആ സ്പീഡിൽ റോഡിൽ തളം കെട്ടി കിടന്നിരുന്ന വെള്ളം അരികെ പോയ ബൈക്ക്കാരന്റെ മുകളിലൂടെ ഒരു തിരമലയെ പോലെ ആഞ്ഞടിച്ചു. ചേച്ചി അതുകണ്ട് വീണ്ടും പറഞ്ഞു, “ചേട്ടൻ സൂപ്പറാ!” ബൈക്ക്കാരൻ ആകട്ടെ “കാറ്റെ നീ വീശരുതിപ്പോ.. കാറെ നീ പെയ്യരുതിപ്പോ..” എന്നൊക്കെ പാടി വന്നത്.. വേറെ ഏതോക്കെയോ പാട്ടുകളായി മാറിയത് പെട്ടെന്നായിരുന്നു.
അപ്പോ പറഞ്ഞു വന്നത്.. ചേട്ടന്മാരെ, ചേച്ചികളെ, പാട്ടൊക്കെ കേട്ട് പോകുമ്പോൾ മഴയും നനഞ്ഞ് പോകുന്ന ബൈക്ക് യാത്രക്കാരെ കൂടെ ഒന്ന് മനുഷ്യരായി പരിഗണിക്കണം എന്ന് ഒരു അഭ്യർത്ഥന!
NB:- ഇതിൽ ജീവിച്ചിരിക്കുന്നവരോ.. മരിച്ചവരോ ആയി ആരോടെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികമല്ല!







Comments