മായ്ക്കാൻ മറന്ന ഓർമ
- krithwe
- Apr 16, 2020
- 2 min read
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. മുമ്പ് പലപ്പോഴും ഇതിനെക്കുറിച്ച് ചെറുതായിട്ടൊക്കെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് കാണുന്നത് അന്നാണ്. പറഞ്ഞു വരുന്നത് കമ്പ്യൂട്ടറിനെക്കുറിച്ചാണ്.
പതിവില്ലാതെ അന്ന് വൈകുന്നേരം സ്‌കൂളിലെ എല്ലാവരെയും ഒരുമിച്ചു കൂട്ടി. ഒരു ചെറിയ ഉദ്ഘാടനത്തിന്റെ പ്രതീതി. സ്‌കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ കൊണ്ടുവന്നതിന്റെ സന്തോഷം പങ്കുവക്കലായിരുന്നു അത്. ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് അന്ന് കമ്പ്യൂട്ടര്‍ കൊണ്ടുവന്നതെങ്കിലും അത്യാവശ്യം അടിസ്ഥാന വിവരങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാനും അത് ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ കമ്പ്യൂട്ടര്‍ ഒരു പഠനവിഷയമൊന്നും ആയി തുടങ്ങിയിട്ടില്ല. എങ്കിലും ‘പെയിന്റ്’ ഞങ്ങളെ ചെറുതായിട്ട് പഠിപ്പിച്ചു തുടങ്ങി. ഏതാണ്ട് ഇരുപതിലേറെ കുട്ടികളും ഒരു കമ്പ്യൂട്ടറും. അതുകൊണ്ട് തന്നെ വലിയ ഗൗരവമായി പല കുട്ടികളും ആ ക്ലാസ്സുകള്‍ ശ്രദ്ധിച്ചിരുന്നില്ല. മാത്രമല്ല പഠിച്ചിട്ട് ഒരു പരീക്ഷ എഴുതാനുമില്ല.

ഒരു ദിവസം ക്ലാസ്സിൽ പതിവില്ലാതെ ബഹളമുയര്‍ന്നപ്പോള്‍ എന്നോടും സുഹൃത്തിനോടും എഴുന്നേല്‍ക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. പെട്ടന്ന് എല്ലാവരും നിശബ്ദരായി. രണ്ട് പേരോടും അടുത്തേക്ക് ചെല്ലാന്‍ ടീച്ചര്‍ പറഞ്ഞു. എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. കുറച്ചു അപമാനഭാരത്തോടെ ഞങ്ങള്‍ ടീച്ചറിന്റെ അടുത്തെത്തി. തൊട്ടുമുമ്പില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എന്തൊക്കെയോ വരച്ചിട്ടുണ്ട്. ഓരോ ടൂളും പഠിപ്പിക്കാന്‍ വേണ്ടി എന്തൊക്കെയോ ‘പെയിന്റി’ല്‍ ടീച്ചര്‍ വരഞ്ഞതാണ്. ടീച്ചര്‍ ആകെ ക്ഷുഭിതയായിരുന്നു, എല്ലാവരെയും പ്രതിനിധാനം ചെയ്ത് കിട്ടിയ രണ്ട് ഇരയാണല്ലോ. ‘എന്തായിരുന്നു അവിടെ?’, ഞങ്ങളോട് കുറച്ച് കോപത്തോടെ ടീച്ചര്‍ ചോദിച്ചു. ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു. ഒരു അടി പ്രതീക്ഷിച്ച ഞങ്ങളെ ടീച്ചര്‍ ഞെട്ടിച്ചു. മിക്കവാറും ടീച്ചര്‍മാര്‍ ചെയുന്ന കാര്യം തന്നെയാണ്. അവസാനം പറഞ്ഞു നിര്‍ത്തിയത് എന്തായിരുന്നു എന്ന് ചോദിക്കുക. ഇവിടെ ചെറിയ വ്യത്യാസമുണ്ട്, ഞങ്ങളോട് പറഞ്ഞത് മറ്റൊന്നായിരുന്നു. ഞങ്ങളോട് ആ സ്‌ക്രീനില്‍ കാണുന്നത് മായ്ക്കാനാണ് ആവശ്യപ്പെട്ടത്. ആദ്യമായി കമ്പ്യൂട്ടറില്‍ തൊടാന്‍ കിട്ടുന്ന അവസരമാണ്. മുന്‍പ് ഓരോ ഉപകരണവും എന്തിനുള്ളതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഈ പറഞ്ഞ കാര്യം ഞങ്ങള്‍ രണ്ട് പേര്‍ക്കും ചെയ്യാന്‍ അറിയില്ലായിരുന്നു. കാരണം, അതാണല്ലോ അപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരുന്നത്. അധികം താമസമൊന്നുമുണ്ടായില്ല, ക്ലാസ്സില്‍ നിന്ന് ഇറങ്ങി വരാന്തയില്‍ നിന്നോളാന്‍ ശിക്ഷയായി ടീച്ചര്‍ നിര്‍ദ്ദേശിച്ചു. വല്ലാത്ത അമര്‍ഷവും അപമാനവും ഒരുമിച്ച് തോന്നിയ നിമിഷം. വരാന്തയില്‍ അങ്ങനെ ആ പിരീഡ് തീരുന്ന അത്രയും നേരം നിന്നു. അങ്ങനെ ആദ്യത്തെ കമ്പ്യൂട്ടര്‍ അനുഭവം കയ്‌പ്പേറിയത് ആയതുകൊണ്ട് തന്നെ ഇത് അത്ര വലിയ സംഭവമൊന്നുമല്ല എന്നായി മനസ്സില്‍.
വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ അതാ വീണ്ടും കമ്പ്യൂട്ടര്‍ ക്ലാസ്സ്. അഞ്ചാം ക്ലാസ്സിലും ഇതൊന്നും ഒരു പരീക്ഷാ വിഷയം ആയിട്ടില്ലാതിരുന്നതിനാല്‍ അന്നും അത്ര കാര്യമായിട്ട് താല്പര്യം കാണിച്ചില്ല. പക്ഷെ പഠിപ്പിച്ച ടീച്ചറിന്റെ ഗുണം കൊണ്ടോ എന്തോ പയ്യെ പയ്യെ താത്പര്യമായി തുടങ്ങി. സ്വന്തമായി തലച്ചോറൊക്കെയുള്ള ഒരു ഉപകരണം. കമ്പ്യൂട്ടറിന്റെ ചരിത്രവും മറ്റും അറിഞ്ഞപ്പോള്‍ കുറച്ചു കൂടി അറിയാനുള്ള ആകാംക്ഷയേറി. മാത്രമല്ല ഇടക്ക് ഞങ്ങള്‍ക്ക് ഗെയിം തന്ന് കുറച്ചു കൂടെ ക്ലാസ്സുകള്‍ ആകര്‍ഷകമാക്കാന്‍ തുടങ്ങി. മനസ്സ് നിറയെ കമ്പ്യൂട്ടര്‍ ആയിരുന്ന കാലമായി പിന്നീട്. തെറ്റിദ്ധരിക്കേണ്ട, ഗെയിം തന്നെയായിരുന്നു അപ്പോഴും പ്രധാന ലക്ഷ്യം. അത്ര അപ്രാപ്യമല്ലാത്ത ഒരു ഉപകരണമായതിനാല്‍ അതൊരു ആഗ്രഹം മാത്രമായി പലപ്പോഴും അവസാനിച്ചു.

പിന്നീട് ഹൈസ്‌കൂള്‍ തലത്തിലേക്ക് വന്നപ്പോള്‍ ഐടി പഠനവിഷയമായതോടെ കുറച്ചുകൂടെ ഗൗരവമായി കാണാന്‍ തുടങ്ങി. അനന്തമായ സാധ്യതകളുടെ മുന്‍പിലാണ് ഇരിക്കുന്നതെന്ന തോന്നല്‍ ഉടലെടുത്തത് ആ കാലത്തായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ തീരുമാനിച്ചു.. പ്ലസ് ടൂവിന് കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ. എന്നാല്‍ പഠിച്ചിരുന്ന സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഇല്ലാതിരുന്നതിനാൽ സ്‌കൂളിലെ ടീച്ചര്‍മാരുടെ നിര്‍ദ്ദേശം മാനിച്ച് ബയോ-മാത്ത്സ് തന്നെ എടുത്ത് പഠിക്കേണ്ടി വന്നു. ആ കാലത്ത് ഗെയിം തന്നെ ലക്ഷ്യം വച്ച് മിക്കവാറും ആഴ്ചകളുടെ അവസാനം ബന്ധുവീട്ടില്‍ പോകുന്ന ശീലവും തുടങ്ങിയിരുന്നു. അങ്ങനെ കുറെ പാറ്റകളെയും കീറിമുറിച്ച് പ്ലസ് ടു ജീവിതം അങ്ങു കഴിഞ്ഞു പോയി. വീട്ടില്‍ കമ്പ്യൂട്ടര്‍ എടുത്തു. പിന്നെ പറയണ്ടല്ലോ, നിത്യ പഠന-പരീക്ഷണ ഉപകരണമായി കമ്പ്യൂട്ടര്‍ മാറി.
ഡിഗ്രിക്ക് എന്ത് പഠിക്കണം എന്ന് വീണ്ടും അധികം ആലോചിക്കാന്‍ പോയില്ല, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എടുത്തു. ‘ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാ’ എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ! ബാഹുബലിയിലെ കാലകേയന്‍ പറയുന്നത് പോലെ ഒരു വകയും മനസ്സിലാകുന്നില്ല. C++, #include<stdio.h> ഇതൊക്കെ ഏതോ അജ്ഞാതലോകത്തു നിന്ന് വന്ന ഒരാളെന്ന പോലെ പഠിച്ചു പോന്നു.. കുറ്റം പറയരുതല്ലോ ഒരു സപ്ലി പോലും കിട്ടാതെ ഡിഗ്രി കഷ്ടിച്ചു കടന്നുകൂടി. (തോറ്റില്ല എന്നേ ഉള്ളൂ എന്ന് ചുരുക്കം). പക്ഷെ ഇതിനിടയിലും കുറച്ച് അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആസ്വദിച്ച് ചെയ്തിരുന്ന ഒരു കാര്യം ഡിസൈന്‍ വര്‍ക്കുകള്‍ ആയിരുന്നു. അങ്ങനെയാണ് ഉപരിപഠനത്തിനു ഗ്രാഫിക് ഡിസൈന്‍ തിരഞ്ഞെടുക്കുന്നത്. സ്വന്തമായി ഒരു ലാപ്‌ടോപ്പ് കൈയില്‍ വരുന്നതും ഈ സമയത്താണ്.നല്ല രീതിയില്‍ തന്നെ പഠനം പൂര്‍ത്തിയാക്കി ഗ്രാഫിക് ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു. ശുഭം! (കാരണം ഇതാണ് വർത്തമാനകാലം)
പറഞ്ഞു വന്നത് അന്ന് നാലാം ക്ലാസ്സില്‍ മായ്ക്കാന്‍ മറന്നത് പിന്നീട് തലവരയായതിനെക്കുറിച്ചാണ്. ഇന്ന് അതൊരു കർമ്മമേഖലയായി മാറിയെങ്കില്‍ അത് കാലം അന്ന് മായ്ക്കാന്‍ മറന്ന് വച്ച ഒരു ഓര്‍മപ്പെടുത്തല്‍ ആയിരുന്നിരിക്കാം.








Comments