കാലം ഓര്‍മത്താളിലൊതുക്കിയ ഒരു വണ്ടിക്കഥ
- krithwe
- Oct 31, 2018
- 2 min read
ബസ്സിന്റെയും ട്രെയ്‌നിന്റെയും ഒക്കെ സൈഡ് സീറ്റില്‍ പാട്ടും കേട്ട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് സ്വന്തമായി ഒരു വാഹനം എന്നത് അത്ര വലിയ സ്വപ്നമൊന്നുമായിരുന്നില്ല. ഈ കാലത്ത് ഡ്രൈവിംഗ് ലൈസന്‍സ് കൈവശമാക്കാന്‍ പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പോലും മടി കാണിച്ചിരുന്ന ഞാന്‍ കഴിഞ്ഞ വര്‍ഷമാണ് അങ്ങനെ ഒരു ശ്രമം പോലും നടത്തിയത്. അതും അത്ര ആഗ്രഹത്തോടെ ആയിരുന്നില്ല എന്ന് പറയുന്നതാവും നല്ലത്. പക്ഷെ, ലൈസന്‍സ് കൈയില്‍ വന്നതിന് ശേഷം മറ്റാരെയും പോലെ സ്വന്തമായി ഒരു വാഹനം വേണമെന്ന ആഗ്രഹം ഉടലെടുത്തു തുടങ്ങി.
ഞാന്‍ പിന്നെ ഈ പോളിടെക്നിക് ഒന്നും പഠിച്ചിട്ടില്ലാത്തത് കൊണ്ടാണോ എന്തോ, ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വല്യ ഗ്രാഹ്യം ഉണ്ടായിരുന്നില്ല.ചുരുക്കി പറഞ്ഞാല്‍ ഏത് വാഹനം എടുക്കണമെന്നോ, എനിക്ക് പറ്റിയ വാഹനം ഏതാണെന്നോ ഒന്നും അറിയില്ല.
അങ്ങനെയിരിക്കെയാണ് അച്ഛന്റെ സുഹൃത്തിന്റെ ഒരു പഴയ ബൈക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞത്. പ്രായമേറിയതിനാല്‍ വണ്ടി ഓടിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വില്‍പനക്ക് തന്നെ അദ്ദേഹം തയ്യാറായത്. അതും അറിയുന്ന ഒരാള്‍ക്ക് കൊടുക്കണം എന്നും ആഗ്രഹമുണ്ടായിരുന്നു. കാരണം കൊണ്ടുപോകുന്നത് ഒരു കാരണവശാലും അത് പൊളിച്ചു വില്‍ക്കാന്‍ അകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വലിയ ചിലവ് ഇല്ലാതെ ഒരു വാഹനം. പിന്നെ പഴയ വാഹനങ്ങളോട് പൊതുവെ ഉള്ള ഒരു താല്‍പര്യവും വച്ച് അത് അങ്ങോട്ട് വാങ്ങാമെന്ന് തന്നെ തീരുമാനിച്ചു. ഞാനും ചേട്ടനും കൂടിയാണ് ബൈക്ക് നോക്കാന്‍ പോയത്.
ജപ്പാന്‍ നിര്‍മിത എന്‍ജിനോട് കൂടി ഒരു മിലിട്ടറി ഗ്രീന്‍ കളറില്‍ അന്ന് കണ്ട മാത്രയില്‍ ഒന്നും നോക്കാതെ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ലാല്‍ ബാബുരാജിനോട് ചോദിച്ചതുപോലെ കൂടെ പോരുന്നോ എന്ന് ചോദിക്കാന്‍ ആണ് തോന്നിയത്. അന്ന് തന്നെ വീട്ടിലോട്ട് കൊണ്ടുപോന്നു. ഞങ്ങള്‍ മുമ്പ് താമസിച്ചിരുന്ന കോട്ടയം – കഞ്ഞിക്കുഴിയിലെ വര്‍ക്ക് ഷോപ്പാണ് ഞങ്ങളുടെ വണ്ടികളുടെ സ്ഥിരം ആശുപത്രി. സാബു ചേട്ടനാണ് ഡോക്ടര്‍. വണ്ടിയ്ക്ക് ആവശ്യമായ ചികില്‍സയ്ക്ക് സാബുചേട്ടനെ തന്നെ ഏല്പിച്ചു. ഏകദേശം രണ്ട്, മൂന്ന് ആഴ്ച നീണ്ട ചികിത്സക്ക് ശേഷം അടിമുടി മാറ്റത്തോടെ ബൈക്ക് തിരിച്ചു കൊണ്ടുവന്നു.
പ്രായം കുറച്ച് കൂടുതലായത് കൊണ്ടാകണം ചെറുപ്പക്കാരോട് ഇണങ്ങാന്‍ ആദ്യമൊക്കെ കുറച്ചുമടി പ്രകടമായിരുന്നു. സെല്‍ഫ് സ്റ്റാര്‍ട്ട് പോലുള്ള പുതിയ വിദ്യകളൊന്നും അറിയാത്ത വാഹനവുമായി പയ്യെ പയ്യെ പൊരുത്തപ്പെടാന്‍ തുടങ്ങി. കാര്യം എന്നെക്കാള്‍ പ്രായമുണ്ട് കക്ഷിക്ക്. ആ ഒരു ബഹുമാനം ഓടിക്കുമ്പോള്‍ കൊടുക്കാറുമുണ്ട്. അത് പഠിച്ചത് ചേട്ടനില്‍ നിന്നാണ്. അതിനും ജീവനുണ്ട് എന്നാണ് പുള്ളിയുടെ ഒരു കാഴ്ചപ്പാട്. എത്ര വിചിത്രമായ ആചാരങ്ങള്‍ അല്ലേ? അല്ല, ഒരു പരിധിവരെ അങ്ങനെ കണ്ട് തുടങ്ങിയാല്‍ വണ്ടിക്ക് അധികം തകരാറൊന്നും ഉണ്ടാകില്ലന്നെ. ഞാന്‍ തന്നെ ചില വണ്ടികള്‍ കാണുമ്പോള്‍ ചിന്തിക്കാറുണ്ട്. ആ വണ്ടി എന്റെ വണ്ടിയെ നോക്കി അസൂയപ്പെടുന്നുണ്ടാകുമെന്ന്. കാരണം, അതുപോലെയാണേ ആ വണ്ടികളുടെ ഒരു അവസ്ഥയും, ഓടിക്കുന്ന ശൈലിയും. എത്രത്തോളം നമ്മള്‍ വണ്ടിയെ സൂക്ഷിക്കുന്നോ, അത്രത്തോളം അവ നമ്മളെയും സൂക്ഷിക്കും. അതുകൊണ്ടാണോ എന്തോ ഇതുവരെ വഴിയില്‍ കിടത്തിയിട്ടില്ല.
ഇനി ഇത്രയും ഒക്കെ പറയാനുണ്ടായ സംഭവത്തെക്കുറിച്ച് പറയട്ടെ. അച്ഛന്‍ ഫോട്ടോഗ്രാഫിയില്‍ കഴിവുള്ള ഒരാളായത് കൊണ്ടുതന്നെ ആവശ്യത്തിലേറെ ഫോട്ടോ ആല്‍ബം കളക്ഷന്‍ വീട്ടിലുണ്ട്. ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന സമയത്ത് ഈ ആല്‍ബങ്ങള്‍ വീണ്ടും വീണ്ടും നോക്കിയിരിക്കുക എന്നത് കുട്ടിക്കാലത്ത് എന്റെ ഒരു വിനോദമായിരുന്നു. അതുകൊണ്ട് തന്നെ പല ചിത്രങ്ങളും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ആല്‍ബങ്ങള്‍ വീണ്ടും എന്റെ മനസ്സില്‍ കടന്നുകൂടി. അപ്പോഴെവിടെയോ ഏതോ ഒരു ഫോട്ടോ എന്റെ മനസ്സില്‍ തങ്ങി നിന്നു. അത് അച്ഛനും അമ്മയും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു. അവര്‍ നിന്നിരുന്നത് ഒരു ബൈക്കിന് സമീപം ആയിരുന്നു. വീട്ടില്‍ ആയിരുന്നത് കൊണ്ടുതന്നെ ആ സംശയം തീര്‍ക്കാന്‍ ഞാന്‍ വീണ്ടും ആല്‍ബം എടുത്തു. അടുക്കി വച്ചിരിക്കുന്ന കുറെ ആല്‍ബങ്ങളില്‍ നിന്ന് കൃത്യമായി തന്നെ ഞാന്‍ ആ ആല്‍ബം എടുത്തു. ഓരോ താളും മറിച്ച് നോക്കി. എന്റെ ഓര്‍മ്മ തെറ്റിയില്ല.
ഞാന്‍ ഇന്ന് കൊണ്ട് നടക്കുന്ന അതേ മോഡല്‍ ബൈക്ക് തന്നെ ആയിരുന്നു അത്. ഇന്നത്തെ പോലെ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടില്ലാത്ത കാലത്ത് എടുത്ത ഒരു ചിത്രം. എനിക്ക് അത്ഭുതം തോന്നി. കാരണം എനിക്ക് ഈ ബൈക്ക് കിട്ടിയപ്പോഴുണ്ടായിരുന്ന നിറം മാറ്റി ചുവന്ന നിറം നല്‍കാന്‍ തോന്നിയതില്‍ തെറ്റില്ലായിരുന്നു എന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. കാലം എന്നോ എന്റെ ഉള്ളില്‍ അവശേഷിപ്പിച്ച ആ ചിത്രം തന്നെ ആയിരിക്കും എനിക്ക് ആ നിറം തന്നെ നല്‍കാന്‍ പ്രേരണയേകിയത്. അമ്മയോട് ഞാന്‍ ഈ ഫോട്ടോയുടെ കഥ അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, ഏകദേശം 30 വര്‍ഷം മുമ്പ് എടുത്ത ഫോട്ടോയാണ്. എറണാകുളത്തു അന്ന് ഈ ഫോട്ടോ എടുക്കാന്‍ നേരം അരികില്‍ ഇരുന്ന ഈ ബൈക്ക് കൂടെചേര്‍ത്തു എന്നതാണ്.
ചില കാര്യങ്ങള്‍ അങ്ങനെയാണ്. കാലം എന്നോ എവിടെയോ മറന്ന് വച്ചത് അല്ലെങ്കിലൊരു ഓര്‍മയായി അവശേഷിപ്പിച്ചത് എന്നെങ്കിലും നമ്മളിലേക്ക് തിരികേവരും, നമ്മള്‍ പോലും അറിയാതെ തന്നെ. ഇന്ന് ഈ ബൈക്ക് ഞാന്‍ കൊണ്ട് നടക്കുമ്പോള്‍ എനിക്ക് കൂട്ടായി ഞാന്‍ ജനിക്കുന്നതിനു മുന്‍പേ കാലം ഓര്‍മത്താളിലൊതുക്കിയ ഒരു കഥയുണ്ട്.








Comments