top of page

ഒരു ‘മുത്തശ്ശി’ക്കഥ

  • Writer: krithwe
    krithwe
  • Dec 31, 2018
  • 2 min read

എന്നോട് പലരും ചോദിക്കാറുണ്ട്, ഇപ്പൊ എഴുത്തും കുറിപ്പും ഒന്നും കാണാനില്ലല്ലോ എന്ന്. കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്. ഞാന്‍ എഴുതുന്നത് ഇഷ്ടപെടുന്ന വളരെ ചുരുക്കം പേരെങ്കിലും ഉണ്ടെന്നത് എന്നെപ്പോലെയുള്ള ഒരാള്‍ക്ക് വീണ്ടും വീണ്ടും എഴുതാന്‍ നല്‍കുന്ന പ്രചോദനം ചെറുതല്ല.

ചെറുപ്പത്തില്‍, ചില കവിതകളും, ലേഖനങ്ങളുമൊക്കെയെഴുതി, ആരുടെയൊക്കെയോ പ്രോത്സാഹനം ഉള്‍ക്കൊണ്ട് ചില മാസികയിലേക്കും, വാരികയിലേക്കുമെല്ലാം എഴുതി അയച്ചത് ഓര്‍മയിലുണ്ട്. പക്വമായ ഒരു രചനാ ശൈലി പ്രകടമാകാത്തതിനാലാകാം ഭാഗ്യത്തിന് ഒന്നും അച്ചടിച്ചു വന്നിട്ടില്ല. (ഇപ്പോഴും അങ്ങനെ ഒരു സാഹിത്യപരമായ രചനാശൈലി കൈവരിച്ചിട്ടില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.) ഞാന്‍ ഒരുപാട് ബുക്ക് വായിക്കുന്ന ഒരാളല്ല. പലപ്പോഴും ബുക്ക്സ്റ്റാളുകളില്‍ കയറി ബുക്ക് വാങ്ങിക്കണമെന്ന് കരുതി ഒരു ബുക്ക് കയ്യില്‍ എടുത്താല്‍ പോലും വായിക്കാന്‍ ബാക്കി വച്ചിട്ടുള്ള ബുക്കുകളെ ഓര്‍ത്തു തിരികേവച്ചു മടങ്ങാറാണ് പതിവ്. തിരികെ വന്ന് വായന ശക്തമാക്കണം എന്ന് തീരുമാനിച്ചാല്‍ പോലും വായന ഇന്ന് വരെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എവിടെനിന്നാണ് എനിക്ക് ഇത്രയും എഴുതാനുള്ള ആര്‍ജവം കിട്ടിയത് എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അതിന് ഒരു ഉത്തരമേയുള്ളൂ, ‘അമ്മച്ചി’ (മുത്തശ്ശി). ചെറുപ്പത്തില്‍ അമ്മച്ചി വീട്ടില്‍ നില്‍ക്കുന്ന സമയത്തൊക്കെ എന്റെ ഉറക്കമൊക്കെ അമ്മച്ചിയോടൊപ്പമായിരുന്നു. അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, മുത്തശ്ശികഥകള്‍. ഇന്ന് നാല് പേര് ഒരുമിച്ചു കൂടിയിരുന്നാലും നാലു ഫോണും, ആരും കാണാതെ ഓണായി കിടക്കുന്ന ടീവിയും ഉള്ള കാലമല്ല അത്. മൊബൈല്‍ ഫോണൊന്നും പ്രചാരത്തിലെത്തിയിട്ടില്ല. ആകെ വീട്ടിലുള്ളത് ഒരു ലാന്‍ഡ്‌ലൈന്‍ ഫോണും, പിന്നെ ദൂരദര്‍ശന്റെ രണ്ട് ചാനലും. അതിലും മലയാളം പരിപാടികള്‍ നിശ്ചിത സമയങ്ങളില്‍ ഒതുങ്ങും.

അമ്മച്ചിയുടെ കഥ പറച്ചിലിന് ഒരു പ്രത്യേകതയുണ്ട്. പറയുന്നത് നമ്മുടെ മനസ്സിലാണ് ദൃശ്യമാകുക. ഓരോ മുത്തശ്ശികഥയുടെയും ശക്തി അതാണ്. മുത്തശ്ശികഥകള്‍ പലതും സര്‍ഗാത്മക ഭാവന ഉണര്‍ത്തുന്നവയാണ്. പലപ്പോഴും ഞാന്‍ കഥകള്‍ കേട്ട് ഉറങ്ങി പോകാറുണ്ട്. ഇനി ഉറക്കം വന്നില്ലെങ്കിലോ, അമ്മച്ചിക്കാണ് ബുദ്ധിമുട്ട്. കാരണം, കേട്ടിട്ടുള്ളതും, ഇല്ലാത്തതുമായ എല്ലാ കഥകളും അമ്മച്ചിയെക്കൊണ്ട് പറയിപ്പിക്കും. പല കഥകളും അമ്മച്ചി പറഞ്ഞുതന്നെ അറിയാവുന്നയാണ്. എന്നാലും അതിന്റെ ദൃശ്യങ്ങള്‍ വീണ്ടും മനസ്സില്‍ കാണാന്‍ വേണ്ടി കേട്ടുകൊണ്ടേയിരിക്കും.

കുറച്ചുകൂടെ വലുതായപ്പോള്‍ വായന ശക്തമായി. അപ്പോഴും വായിക്കുന്ന ഓരോ കാര്യങ്ങളും മനസ്സില്‍ ഓരോ ദൃശ്യങ്ങളായി പതിഞ്ഞിരുന്നു. പിന്നെ വായനയും കുറഞ്ഞു. പലപ്പോഴും എഴുതുമ്പോള്‍ ഞാന്‍ ആകെ ശ്രദ്ധിച്ചിരുന്നത് വായിക്കുന്ന ആള്‍ക്ക് അത് മനസ്സില്‍ കാണാന്‍ പറ്റത്തക്ക വിധമായിരിക്കണം എന്നതായിരുന്നു. അത് പലപ്പോഴും ഫലപ്രദമായി എഴുത്തില്‍ വരുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ എന്റെ എഴുത്തിലൂടെ വായിക്കുന്നയാള്‍ക്കും അനുഭവ വേദ്യമാകുന്നു എന്നത് വളരെയേറെ സന്തോഷം തരുന്ന ഒരു കാര്യമാണ്. ഒരു ബ്ലോഗ് തുടങ്ങാന്‍ എനിക്ക് പ്രചോദനമായതും ഇതൊക്കെ തന്നെ.

അമ്മച്ചിക്ക് തീരെ വയ്യാതെ ആയ ഒരു ഘട്ടം വന്നപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഞാനും ഒപ്പമുണ്ടായിരുന്നു. അന്ന് പോകുന്നതിന് മുന്‍പ് അമ്മച്ചി എന്നെ കണ്ടപ്പോള്‍ ഒരു ചിരി തന്നു. ഡോക്ടര്‍ പരിശോധിക്കുമ്പോഴും അമ്മച്ചി ഇടക്കിടക്ക് എന്നെ നോക്കിയത് ഇന്നും മനസ്സിലുണ്ട്. അന്ന് ആശുപത്രിയില്‍ ബൈസ്റ്റാന്‍ഡര്‍ ആയി നില്‍ക്കുമ്പോള്‍ ഈ കാലമത്രയും ഒരു ഫ്‌ളാഷ്ബാക്ക് പോലെ ഓര്‍ത്തെടുക്കാന്‍ എനിക്ക് സാധിച്ചു. അന്നാണ് എന്റെ എഴുത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ഉത്ഭവം ഞാന്‍ കണ്ടെത്തിയത്. പിന്നെ അമ്മച്ചിയെ കാണുന്നത് മൃതസംസ്‌കാരത്തിന്റെ അന്നാണ്. ഞാന്‍ അമ്മച്ചിയുടെ മുഖത്തേക്ക് നോക്കിയില്ല. കാരണം എനിക്ക് ചിരിച്ച മുഖത്തോടെ തന്നെ ആ ‘മുത്തശ്ശി’ക്കഥ അവസാനിപ്പിക്കാനാണ് ഇഷ്ടം.

Comments


Post: Blog2_Post

© 2023 | Krithwe J. Vekkan

  • Facebook
  • Instagram
  • LinkedIn
  • Twitter
bottom of page